ഐസിപിഎഫിന് മലബാറില്‍ ക്യാമ്പ് സെന്റര്‍

തിരുവല്ല: വിവിധ പെന്തെക്കോസ്ത് സഭകളുടെ സഹകരണത്തോടെ പ്രവര്‍ത്തിച്ചുവരുന്ന ക്രൈസ്തവ വിദ്യാര്‍ത്ഥി സംഘടനയായ ഇന്റര്‍ കോളജീയറ്റ് പ്രെയര്‍ ഫെലോഷിപ്പിന് (ഐസിപിഎഫ്) മലബാറില്‍ ഒരു ക്യാമ്പ് സെന്റര്‍ ഉണ്ടാകുന്നതിനുള്ള പ്രാരംഭ നടപടികളായി. വയനാട് ജില്ലയിലെ മീനങ്ങാടിയില്‍ ഈ ആവശ്യത്തിനായി രണ്ടേക്കര്‍ സ്ഥലം വാങ്ങി. സ്ഥലത്തിനും കെട്ടിടസമുച്ചയത്തിനും മൂന്നുംകോടിയിലധികം രൂപാ ചെലവു പ്രതീക്ഷിക്കുന്ന ക്യാമ്പ് സെന്റര്‍ 2020 ല്‍ പ്രവര്‍ത്തനമാരംഭിക്കുവാനാണ് ലക്ഷ്യം.
തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴു ജില്ലകള്‍ ഉള്‍പ്പെടുന്ന ഐസിപിഎഫിന്റെ മലബാര്‍ മേഖല, കേരളത്തിന്റെ പകുതി വിസ്തൃതിയുള്ളതും സുവിശേഷീകരണത്തില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശവുമാണ്. കഴിഞ്ഞ മുപ്പതില്‍ പരം വര്‍ഷങ്ങളായി മലബാറില്‍ സുവിശേഷം വ്യാപിപ്പിക്കുവാന്‍ ഐസിപിഎഫ് അത്യധ്വാനം ചെയ്യുന്നുണ്ടെങ്കിലും, പല കലാലയങ്ങളും സര്‍വ്വകലാശാലകളും ഇന്നും എത്തിപ്പിടിക്കാനാകാതെ കിടക്കുന്നു. ഇതിനൊരു പരിഹാരമായി മലബാറില്‍ ഒരു ക്യാമ്പ് സെന്റര്‍ ഉണ്ടാക്കുകയെന്നുള്ളത് വര്‍ഷങ്ങളായി ഐസിപിഎഫ് കൊണ്ടുനടക്കുന്ന സ്വപ്‌നമാണ്.
ഐസിപിഎഫിന്റെ ആദ്യ ക്യാമ്പ്‌സെന്ററായ പത്തനംതിട്ട ജില്ലയിലെ മുട്ടുമണ്‍ കൗണ്‍സലിംഗ് സെന്റര്‍പോലെ ഐസിപിഎഫിനു മാത്രമല്ല വിവിധ സഭകള്‍ക്കും സംഘടനകള്‍ക്കും തങ്ങളുടെ ക്യാമ്പുകളും സമ്മേളനങ്ങളും നടത്തുന്നതിന് ഈ നിര്‍ദ്ദിഷ്ട ക്യാമ്പ്‌സെന്ററും ഉപകരിക്കും. പ്രകൃതിരമണീയമായ ഒരു ടൂറിസ്റ്റു കേന്ദ്രംകൂടിയായ വയനാട്ടില്‍ സ്ഥാപിക്കുന്ന ഈ ക്യാമ്പ് സെന്റര്‍ കേരളത്തിലെ മറ്റ് ജില്ലകളിലെയും, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സമീപ പ്രദേശങ്ങളിലെയും സഭകള്‍ക്കും സംഘടനകള്‍ക്കും പ്രയോജനപ്പെടും.
പ്രൊഫ. മാത്യു പി. തോമസിന്റെയും ഐസിപിഎഫ് മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഡോ. സിനി ജോയ്‌സ് മാത്യുവിന്റെയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. വി.ജെ. സാമുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ഈ പദ്ധതിയുടെ നിര്‍വ്വഹണം നടത്തുന്നത്.