കുമ്പനാട് കണ്‍വന്‍ഷന്‍ ജനുവരി 14 ന് ആരംഭിക്കും

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 94-ാ മത് അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2018 ജനുവരി 14-21 വരെ സഭാ ആസ്ഥാനമായ ഹെബ്രോന്‍പുരത്ത് നടക്കും. ജനപങ്കാളിത്തംകൊണ്ടും പഴക്കംകൊണ്ടും കേരളത്തിലെ രണ്ടാമത്തെ വലിയ ക്രൈസ്തവ കണ്‍വന്‍ഷനാണിത്. ‘പരിശുദ്ധാത്മാവിന്റയും ശക്തിയുടെയും അഭിഷേകം’ എന്നതാണ് ചിന്താവിഷയം.
ജനുവരി 14ന് വൈകിട്ട് 5.30ന് സഭാ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജനറല്‍ സെക്രട്ടരി പാസ്റ്റര്‍ ഡോ. കെ.സി. ജോണ്‍ അധ്യക്ഷത വഹിക്കും. ലോകമെങ്ങുമായി വ്യാപിച്ചു കിടക്കുന്ന ഐപിസി പ്രസ്ഥാനത്തിലെ നൂറുകണക്കിന് പ്രഗത്ഭ പ്രസംഗകരും ശുശ്രൂഷകരും ഈ ദിവസങ്ങളില്‍ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും. മധ്യസ്ഥ പ്രാര്‍ഥന, ബൈബിള്‍ ക്ലാസ്, പൊതുയോഗം, മിഷനറി സമ്മേളനം, യുവജന സമ്മേളനം, കുട്ടികളുടെ പ്രോഗ്രാം, സുവിശേഷയോഗം എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും.
എട്ട് ദിവസം നീളുന്ന കണ്‍വന്‍ഷനില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രസംഗം പരിഭാഷ ചെയ്യും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും, അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും, ഓസ്‌ട്രേലിയയിലും സഭയ്ക്ക് പ്രവര്‍ത്തനമുണ്ട്.1925ല്‍ റാന്നിയില്‍ ചെറിയ നിലയില്‍ ആരംഭിച്ച കണ്‍വന്‍ഷന്‍ പില്‍ക്കാലത്ത് കുമ്പനാട്ടേക്ക് മാറ്റുകയായിരുന്നു.
കണ്‍വന്‍ഷന് മുന്നോടിയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി നടന്നു വരുന്നതുപോലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉപവാസ യോഗങ്ങള്‍ ജനുവരി 7-13 വരെ കണ്‍വന്‍ഷന്‍ പന്തലില്‍ നടക്കും. സ്റ്റേജിന് താഴെയായി പ്രാര്‍ഥനാ മുറിയില്‍ 24 മണിക്കൂര്‍ പ്രാര്‍ഥന ഉണ്ടായിരിക്കും.
കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. കുമ്പനാട്ട് നടന്ന ജനറല്‍ കൗണ്‍സിലിലാണ് സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തത്.
പാസ്റ്റര്‍ ജേക്കബ് ജോണ്‍ (ജനറല്‍ പ്രസിഡന്റ്), പാസ്റ്റര്‍ വിത്സന്‍ ജോസഫ് (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ കെ.സി. ജോണ്‍ (ജനറല്‍ സെക്രട്ടറി), പാസ്റ്റര്‍ തോമസ് ഫിലിപ്പ് (ജോ. സെക്രട്ടറി), സജി പോള്‍ (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.