News

ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍  അമേരിക്കന്‍ റീജിയന്‍ നിലവില്‍ വന്നു

ഡാളസ്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും ഏകോപന സമിതിയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ വടക്കേ അമേരിക്കന്‍ റീജിയന്റെ പ്രഥമ സമ്മേളനം ഡാളസില്‍ നടന്നു. 16-ാ മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ വൈസ്പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി ചാക്കോയുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വടക്കേ അമേരിക്കന്‍ റീജിയണ്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അസോസിയേഷന്‍ ചെയര്‍മാന്‍ സി.വി. മാത്യു നിര്‍വഹിച്ചു. മാധ്യമരംഗത്തും ക്രൈസ്തവ സാഹിത്യ രംഗത്തും ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാംഗങ്ങളുടെ സജീവ സാന്നിധ്യവും ഇടപെടലും മനസിലാക്കിയതുകൊണ്ടാണ് ഇത്തരത്തിലൊരു ഏകോപന സമിതി രൂപീകരിക്കാന്‍ മുന്‍കൈയെടുത്തതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പ്രസ്താവിച്ചു.
പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍, ഷിബു നെടുവേലില്‍, ഫിലിപ്പ് പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. കാല്‍ നൂറ്റാണ്ടിലധികമായി അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘കേരള എക്‌സ്പ്രസ്’ വാര്‍ത്താ വാരികയുടെ ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പനെ സമ്മേളനത്തില്‍വെച്ച് പ്രശസ്തി പത്രം നല്‍കി ആദരിച്ചു. അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ പ്രശസ്തി പത്രം വായിക്കുകയും സി.വി. മാത്യു അവാര്‍ഡ് സമ്മാനിക്കുകയും ചെയ്തു. പാസ്റ്റര്‍ വത്സന്‍ ഏബ്രഹാം, വെസ്ലി മാത്യു, കുര്യന്‍ ഫിലിപ്പ്, ജോര്‍ജ് മത്തായി, ഷാജി കാരക്കല്‍, റോയി വാകത്താനം, രാജന്‍ ആര്യപ്പള്ളില്‍, പീറ്റര്‍ മാത്യു വല്ല്യത്ത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍ അമേരിക്കന്‍ റീജിയന്‍ ഭാരവാഹികളായി കെ.എം. ഈപ്പന്‍ (രക്ഷാധികാരി), ജോര്‍ജ് മത്തായി സി.പി.ജി (പ്രസിഡന്റ്), രാജന്‍ ആര്യപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ റോയി വാകത്താനം (സെക്രട്ടറി), ജോയി തുമ്പമണ്‍, പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ (ജോ. സെക്രട്ടറിമാര്‍), റ്റിജു തോമസ് (ട്രഷറാര്‍), നെബു വെള്ളവന്താനം (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ക്കുവേണ്ടി പാസ്റ്റര്‍ കെ.സി. ജോണ്‍ ഫ്‌ളോറിഡ പ്രാര്‍ഥിച്ചു.