News

വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചാല്‍ യു.എ.ഇ. യില്‍ രണ്ടുകോടി രൂപ പിഴ



ദുബായ്: രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയാകുന്ന ഊഹാപോഹങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ രണ്ട് കോടി രൂപ (പത്ത് ലക്ഷം ദിര്‍ഹം) വരെ പിഴചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. ഏത് വാര്‍ത്തയായാലും നിജസ്ഥിതി അറിയാതെ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണ്. ആധികാരികതയില്ലാത്ത പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുത്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നും നല്‍കുന്ന വാര്‍ത്തകള്‍ക്ക് മാത്രമാണ് ആധികാരികത എന്നും പോലീസ് അറിയിച്ചു. യു.എ.ഇ. യില്‍ സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈനിലും വാര്‍ത്തയും പരസ്യവും നല്‍കുന്നതിനുള്ള പുതിയ മാര്‍ഗരേഖ നാഷണല്‍ മീഡിയാ കൗണ്‍സില്‍ പുറപ്പെടുവിച്ചു. പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും രാജ്യത്തിന്റെ നിയമത്തിനും സാമ്പത്തിക സംവിധാനത്തിനും വിരുദ്ധമാകരുതെന്ന് നിഷ്‌കര്‍ഷിക്കുന്നു. കിംവദന്തികളും അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍പാടില്ല. വാര്‍ത്തകള്‍ ആദ്യമെത്തിക്കാനുള്ള ആവേശത്തിനിടയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. വാര്‍ത്തയുടെ ഉറവിടം സത്യസന്ധമാണോ എന്ന് ഉറപ്പുവരുത്തിയില്ലെങ്കില്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.

ഷിബു മുള്ളംകാട്ടില്‍