ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ കെ എസ് ജോസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വീണ്ടും ഭരണസമിതിയിലെ എക്സിക്യൂട്ടിവ് അംഗങ്ങൾ അതെ പോലെ തുടരും. തെരഞ്ഞെടുപ്പ് പ്രചരണങ്ങളൊ മത്സരങ്ങളൊ ഇല്ലാതെ കർണാടക ഐ പി സി ഇക്കുറി മറ്റ് സഭകൾക്ക് മാത്രകയായി.
പാസ്റ്റർമാരായ ജോസ് മാത്യൂ (വൈസ് പ്രസിഡൻ്റ്), ഡോ.വർഗീസ് ഫിലിപ്പ് (സെക്രട്ടറി), ബ്രദർ. ജോയ് പാപ്പച്ചൻ ( ജോയിൻ്റ് സെക്രട്ടറി), പി.ഒ. ശാമുവേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സികൂട്ടിവ് അംഗങ്ങൾ ഉൾപ്പടെ 30 കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.
ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇലക്ഷൻ കമ്മീഷണർ പാസ്റ്റർ റ്റി എസ് മാത്യുസ് അദ്ധ്യക്ഷനായിരുന്നു. ഐ പി സി ദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു . സീനിയർ ജനറൽ മിനിസ്റ്റർ പാസ്റ്റർ റ്റി.ഡി.തോമസ് അനുഗ്രഹ പ്രാർഥനയും നടത്തി.സഭാപ്രതിനിധികളും ശുശ്രൂഷകരുമായി നൂറോളം പേർ പങ്കെടുത്തു.
പാസ്റ്റർ റ്റി എസ് മാത്യുസ് ഇലക്ഷൻ കമ്മീഷണറും പാസ്റ്റർ പി വി ജെയിംസ് റിട്ടേണിംഗ് ഓഫീസറും പാസ്റ്റർ കെ പി ജോർജ് ഇലക്ഷൻ ഓഫീസറും ആയിരുന്നു.
പാസ്റ്റർ. കെ.എസ്. ജോസഫ് (പ്രസിഡന്റ്)
കഴിഞ്ഞ 37ൽ പരം വർഷമായ് കർണാടക ഐപിസിയിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ .കെ .എസ് .ജോസഫ് ,നിലമ്പൂർ കാടമല കെ.ജെ.ശാമുവേൽ – തങ്കമ്മ ദമ്പതികളുടെ മകനാണ്. തുടർച്ചയായി 6 വർഷത്തോളം ഐപിസി സ്റ്റേറ്റ് സെക്രട്ടറിയായും മുൻ വൈസ് പ്രസിഡന്റുമായിരുന്നു. 1983-ൽ എസ്.എ.ബി.സി – യിൽ നിന്ന് വേദപംനം പൂർത്തികരിച്ച് 1984-ൽ ലിംഗരാജപുരം ഐപിസി സഭാശുശ്രൂഷകനായും 1987-ൽ കർണാടക റീജിയൺ ആക്കി രജിസ്ട്രർ ചെയ്യുവാൻ മുൻകൈയെടുത്തതും പാസ്റ്റർ.കെ.എസ്.ജോസഫാണ്. നല്ലൊരു എഴുത്തുകാരനും ക്രൈസ്തവ മാസികയായിരുന്ന മരുപ്പച്ചയുടെ സ്ഥാപകരിലൊരാളും പത്രാധിപരുമായിരുന്ന ഇദ്ദേഹം ജോസഫ് കാടമല എന്ന പേരിലാണ് ക്രൈസ്തവ പത്രങ്ങളിൽ അറിയപ്പെട്ടിരുന്നത്. പെണ്ണമ്മ സന്യാസിനിയുടെ ജീവചരിത്രം, മഞ്ഞ് നദിയുടെ നാട്ടിൽ, മഴ തേടുന്ന വേഴാമ്പൽ എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗുഡ്ന്യൂസ് വാരികയുടെ ആരംഭത്തിൽ തിരുവല്ല ,കുമ്പനാട് ഭാഗങ്ങളിലെ ലേഖകൻ ആയിരുന്ന അദ്ദേഹം ഇപ്പോൾ ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ രക്ഷാധികാരിയാണ്. ഹൊറമാവ് ഫിലാഡെൽഫിയ ഐ പി സി സഭയുടെ സീനിയർ ശുശ്രൂഷകനും ഐ.പി.സി ബെംഗളുരു സൗത്ത് സെൻ്ററിൻ്റെ സെന്റർ പാസ്റ്റർ കൂടെയയായ അദ്ദേഹം രണ്ടാം തവണയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് വരുന്നത്.
ഭാര്യ .സിസി ജോസഫ് കർണാടക ഐ.പി.സി സോദരി സമാജം പ്രസിഡൻ്റ്. മക്കൾ: ജോജി, ജോസി, ജോബി
പാസ്റ്റർ.ജോസ് മാത്യൂ (വൈസ് പ്രസിഡന്റ്)
കോട്ടയം മന്ദിരം കപ്പലുമാം തോട്ടത്തിൽ പാസ്റ്റർ കെ.ജെ. മാത്യൂവിന്റെയും പരേതയായ അന്നമ്മ മാത്യുവിന്റെയും മൂത്ത മകനായ പാസ്റ്റർ ജോസ് മാത്യൂ ഹരിയാന ഗ്രേയ്സ് ബൈബിൾ കോളേജിൽ വേദപംനം പൂർത്തികരിച്ച് 1987-ൽ ബാംഗ്ലൂരിലെ ചെലിക്കര ഗ്രാമത്തിൽ സുവിശേഷ പ്രവർത്തനം ആരംഭിച്ചു. പാസ്റ്റർ.കെ.എസ്.ജോസഫിന്റെ പ്രോത്സാഹനവും സഹായത്തോടെയും ഗ്രാമത്തിൽ താമസിച്ച് കന്നട ഭാഷ പഠിച്ച് കന്നടക്കാരുടെ ഇടയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 34 വർഷത്തോളമായി ഐ പി സി കർണാടകയിൽ പ്രവർത്തിക്കുന്നു. നല്ലൊരു ഗായകനും സംഗീത സംവീധായകനുമായ അദ്ദേഹം വിവിധ ക്രൈസ്തവ സംഗീതജ്ഞരെ ചേർത്തിണക്കി നടത്തുന്ന സങ്കീർത്തനം മ്യൂസിക്സിന്റെ ഡയറക്ടർ, ക്രൈസ്തവ പത്രപ്രവർത്തകരുടെ സംഘടനയായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ) രക്ഷാധികാരി, കന്നട ക്രിസ്തീയ മാസികയ വിമോചനയുടെ പത്രാധിപർ, പി.വൈ.പി.എ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഐ പി സി ക്രൈസ്റ്റ് മിഷൻ സെൻറർ പ്രസിഡന്റായ പാസ്റ്റർ.ജോസ് മാത്യു രണ്ടാം തവണയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്.
ഭാര്യ: സാൻസി ജോസ്. മക്കൾ. ഫെബി, ഫെസി, ഫിയോന
ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് (സെക്രട്ടറി)
തിരുവല്ല മുണ്ടിയപള്ളി പുളിയൻകീഴ് പാസ്റ്റർ പി.സി.ഫിലിപ്പ് – അന്നമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായ് 1957-ൽ ജനിച്ച ഡോ.വർഗീസ് ഫിലിപ്പ് എൻഞ്ചിനിയറിംങ്ങ് ഡിപ്ലോമ പാസായി എഫ്.എ.സി.റ്റി യിൽ ജോലി ചെയ്തിരുന്നു. പിന്നീട് 5 വർഷം സൗദി അറേബ്യയിൽ ജോലി ചെയ്ത് 1989-ൽ ദൈവവിളി അനുസരിച്ച് സുവിശേഷ പ്രവർത്തനത്തിനായി ബാംഗ്ലൂരിൽ വരുകയും ഏഷ്യൻ ക്രിസ്ത്യൻ അക്കാഡമിയിൽ നിന്ന് എം.റ്റി.എച്ച് ,മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ പൊളിറ്റിക്കൽ സയൻസ് ,സയാക്സിൽ നിന്ന് എം.റ്റി.എച്ച്, 2014-ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ബാംഗ്ലൂർ ജെ.പി.നഗറിൽ ഐപിസി സഭ ആരംഭിക്കകയും പിന്നീട് മുപ്പതോളം പുതിയ സഭകൾ തന്റെ പ്രവർത്തനം മൂലം ആരംഭിക്കുവാൻ ഇടയായി. ലിംഗരാജപുരം, രമേശ് നഗർ, മത്തിക്കരെ, കമനഹള്ളി, ഹുളിമാവ് തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു. ഐ സി പി എഫ് ബാംഗ്ലൂർ ആരംഭകാല കോ-ഓർഡിനേറ്ററായിരുന്ന അദ്ദേഹം കഴിഞ്ഞ 24- വർഷമായി ന്യൂ ലൈഫ് ബൈബിൾ കോളേജ്, 3 വർഷമായി സയാക്ക്സ് എന്നിവിടങ്ങളിൽ വേദശാസ്ത്ര അദ്യാപകനായി പ്രവർത്തിക്കുന്നു. ഫാമിലി കൗൺസിലിംങ്, യൂത്ത് കൗൺസിലിംങ് എന്നിവയും ചെയ്ത് വരുന്നു. കർണാടക ബൈബിൾ കോളേജ് രജിസ്ടാറായ അദ്ദേഹം വിവിധ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഹെന്നൂർ ക്രോസ് ഗിൽഗാൽ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനാണ് ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ്. രണ്ടാം തവണയാണ് കർണാടക ഐ പി സി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഭാര്യ. ലില്ലിക്കുട്ടി
ബ്രദർ ജോയ് പാപ്പച്ചൻ (ജോയിന്റ് സെക്രട്ടറി)
തൃശൂർ പഴഞ്ഞി കൊളന്നൂർ വീട്ടിൽ പരേതരായ കെ.സി.പാപ്പച്ചൻ – ഇട്ടിയാനം ദമ്പതികളുടെ മകനായ ബ്രദർ. ജോയ് പാപ്പച്ചൻ രണ്ടാം തവണയാണ് ജോയിന്റ് സെക്രട്ടറിയായി കർണാടക ഐ പി സി യിൽ തെരഞ്ഞെടുക്കപ്പെട്ടത്. പി.വൈ.പി.എ കർണാടക സ്റ്റേറ്റ് മുൻകാല ട്രഷറർ ആയിരുന്നു.വിവേക് നഗർ ഐ പി സി സഭയുടെ ആരംഭകാല പ്രവർത്തകരായിരുന്നു.തന്റെ മാതാപിതാക്കൾ. കർണാടകയിലെ സുവിശേഷ വേലയ്ക്ക് ഒരു മുതൽകൂട്ടായിരുന്നു അവർ. ബാംഗ്ലൂരിലെ വിവിധ ക്രൈസ്തവ പെന്തെക്കൊസ്ത് സംഘടനകളുടെ സാമൂഹികവും ആത്മീയവുമായ പ്രവർത്തനത്തിൽ സജീവ പ്രവർത്തകനാണ് ഇദ്ദേഹം .
ഭാര്യ .ഷേർളി. മക്കൾ.ജോഷ്വാ, ഷാരോൺ,സാ റ
ബ്രദർ. പി.ഒ. ശാമുവേൽ (ട്രഷറർ)
അടൂർ കടമ്പനാട് തുവയൂർ പുത്തൻവിളയിൽ പരേതനായ കെ.ഉമ്മന്റെയും മറിയാമ്മയുടെയും രണ്ടാമത്തെ മകനായി 1946-ൽ പി.ഒ. ശാമുവേൽ ജനിച്ചു. വിദ്യാഭ്യാസത്തിന് ശേഷം 1966-ൽ ജോലി തേടി ബാംഗ്ലൂരിൽ എത്തിയ അദ്ദേഹം 11 – വർഷം കെട്ടിട നിർമാണ രംഗത്ത് പ്രവർത്തിച്ചു. പിന്നീട് ബഹറനിൽ അഞ്ച് വർഷത്തോളം ജോലി ചെയ്ത് വീണ്ടും ബാംഗ്ലൂരിലേക്ക് മടങ്ങിവരുകയും സെൻട്രൽ PWD ക്ലാസ് വൺ കോൺട്രാക്റ്റർ ആയി ജോലി ചെയ്തിരുന്നു. സുവിശേഷ പ്രവർത്തനത്തോട് ചെറുപ്രായത്തിലെ താല്പര്യം ഉണ്ടായിരുന്നതിനാൽ ശാരോൻ ബൈബിൾ സ്ക്കൂളിൽ കുറച്ച് നാൾ പഠിക്കുവാനിടയായി. 1966 മുതൽ ലിംഗരാജപുരം ഐപിസി യുടെ വിശ്വാസിയായ ഇദ്ദേഹം ദീർഘ നാളുകൾ അതെ സഭയിലെ സെക്രട്ടറിയുമായിരുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ.റ്റി.റ്റി.ജോസഫിന്റെ കാലത്ത് ഐപിസി കർണാടക റീജിയണിൽ 6 വർഷത്തോളം ട്രഷറർ ആയിരുന്നു. ഐ പി സി കർണാടക സ്റ്റേറ്റ് നിലവിൽ വന്നതിന് ശേഷം തുടർച്ചയായി മൂന്ന് തവണ ട്രഷറർ ആയിരുന്നു.
ഭാര്യ. ലില്ലി ശാമുവേൽ. മക്കൾ. സാലി ഏബ്രഹാം, ലിസ സന്തോഷ് പാറേൽ, സ്റ്റാൻലി ശാമുവേൽ.