വിദേശ സംഭാവനകൾ ഇനി എഫ്.സി.ആർ.എ പ്രത്യേക അക്കൗണ്ടിലൂടെ മാത്രം – ചാക്കോ കെ. തോമസ്, ബെംഗളുരു
മുംബൈ: വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പരിഷ്കരിച്ചുകൊണ്ടുള്ള നിയമഭേദഗതി ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. 2010ലെ വിദേശ സംഭാവന നിയന്ത്രണ ആക്ടിലെ വ്യവസ്ഥകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ഭേദഗതി വരുത്തിയത്.
ഉത്തരവ് പ്രകാരം, നിശ്ചിത ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ അക്കൗണ്ടിലൂടെ (എഫ്സിആർഎ) മാത്രമേ വ്യക്തികൾക്കോ എൻജിഒകൾക്കോ വിദേശ സംഭാവനകൾ സ്വീകരിക്കാൻ കഴിയൂ.
നിലവിൽ മറ്റ് എഫ്സിആർഎ അക്കൗണ്ടുവഴി സംഭാവനകൾ കൈകാര്യം ചെയ്യുന്നവർക്ക് പുതിയ എഫ്സിആർഎ അക്കൗണ്ട് തുടങ്ങാൻ 2021 മാർച്ച് 31 വരെയാണ് സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. ഇതിനുശേഷം മറ്റു അക്കൗണ്ടുകളിലൂടെ പണം സ്വീകരിക്കാൻ അനുവാദമുണ്ടായിരിക്കില്ല.സൻസാദ്മാർഗിലുള്ള എസ്ബിഐയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിലാണ് ഇതിനായി ആവശ്യക്കാർ അക്കൗണ്ട് തുടങ്ങേണ്ടത്. നിലവിൽ, മറ്റ് എഫ്സിആർഎ അക്കൗണ്ടുകളിലൂടെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നവരും എസ്ബിഐയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിൽ പുതിയ അക്കൗണ്ട് എടുക്കണം. അതേസമയം, ന്യൂഡൽഹി മെയിൻ ബ്രാഞ്ച് അക്കൗണ്ടിലെ പണം മറ്റു ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനു നിയന്ത്രണമില്ല.
നിലവിലുള്ളഎഫ്സിആർഎ അക്കൗണ്ട് പുതിയ എഫ്സിആർഎ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനും തടസമില്ല. നിശ്ചിത എഫ്സിആർഎ അക്കൗണ്ട് തുടങ്ങുന്നതിന് ഡൽഹിയിൽ നേരിട്ടെത്തേണ്ടതില്ലെന്നും അടുത്തുള്ള ഏതെങ്കിലും എസ്ബിഎ ബ്രാഞ്ചിലെത്തിയാൽ മതിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ fcraonline.nic.in എന്ന പോർട്ടലിൽ വൈകാതെ ലഭ്യമാകുമെന്ന് അറിയുന്നു.
വിദേശസഹായം സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ചില ക്രിസ്ത്യൻ സംഘടനകളുടെ എഫ്സിആർഐ രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ റദ്ദാക്കിയിരുന്നു. വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്സിആർഐ (ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്) രജിസ്ട്രേഷൻ ഉണ്ടായിരുന്ന ജാർഖണ്ഡിലെ എക്റിയോസോകുലിസ് നോർത്ത് വെസ്റ്റേണ്‍ ഗോസ്നെർ ഇവാൻജലിക്കൽ, ജാർഖണ്ഡിലെ തന്നെ നോർത്തേണ്‍ ഇവാൻജലിക്കൽ ലുഥറൻ ചർച്ച്, മണിപ്പൂരിലെ ഇവാൻജലിക്കൽ ചർച്ചസ് അസോസിയേഷൻ, മുംബൈയിലെ ന്യൂ ലൈഫ് ഫെലോഷിപ് അസോസിയേഷൻ എന്നിവയുടെ എഫ്സിആർഐ രജിസ്ട്രേഷനുകളാണ് കേന്ദ്രസർക്കാർ റദ്ദാക്കിയത്. സെവൻത്ഡെ അഡ്വന്റിസ്റ്റ് ചർച്ച്, ബാപ്റ്റിസ്റ്റ് ചർച്ച് എന്നിവയ്ക്ക് അമേരിക്കയിൽനിന്നു ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.