News

ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഉപവാസ പ്രാര്‍ത്ഥനാ ദിനം ആരംഭിച്ചു

ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ അനുഗ്രഹത്തിനായി  ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നവംബര്‍ 1ന് ആരംഭിച്ചു. ഡിസംബര്‍ 10 വരെ ആയിരിക്കും ഒന്നാം ഘട്ട ഉപവാസ പ്രാര്‍ത്ഥനകള്‍.


രണ്ടാമത്തെ ഉപവാസ പ്രാര്‍ത്ഥന തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും. പ്രാദേശിക പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ പി.സി. മാത്യുവിനൊപ്പം ദേശീയ പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ പി.വി മമ്മനും പ്രാര്‍ത്ഥനകള്‍ ഏകോപിപ്പിക്കും. പ്രാര്‍ത്ഥനയ്ക്കായുള്ള സൈന്‍ അപ്പ് ഷീറ്റുകള്‍ രണ്ട് കോര്‍ഡിനേറ്റര്‍മാരില്‍ നിന്നും ലഭ്യമാണ്. ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പാസ്റ്റര്‍ പി.വി. മമ്മന്‍ (5865497746), പി.സി. മാത്യു (40582207250) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.


2020 മാര്‍ച്ച് 1ന് ദേശീയ പ്രാര്‍ത്ഥന ദിനമായി വേര്‍തിരിക്കും. സഭകളിലെ ആരാധന വേളയില്‍ കുറച്ച് സമയം നീക്കിവയ്ക്കാനും സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുവാനും ഒരു പ്രത്യേക സ്‌തോത്ര കാഴ്ച എടുത്ത് സഹായിക്കുവാനും എല്ലാ അംഗ സഭകളും ഉത്സാഹം കാണിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വിവിധ നഗരങ്ങളില്‍ പ്രമോഷന്‍ മീറ്റിംഗുകള്‍ നടത്തുവാന്‍ ദേശീയ കമ്മറ്റി തീരുമാനിച്ചു. ന്യൂയോര്‍ക്ക് – ന്യൂജേഴ്‌സി യോഗം നവംബര്‍ 17ന് വൈകിട്ട് 5ന് ഇന്ത്യ ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിലും ഡാളസ് പ്രമോഷന്‍ യോഗം ഡിസംബര്‍ 8ന് വൈകിട്ട് 5ന് ഐപിസി ഹെബ്രോണ്‍ ഡാളസ് സഭയിലും, അറ്റ്‌ലാന്റ – ചാറ്റനൂഗ യോഗം ഏപ്രില്‍ 19 നും ഏപ്രില്‍ 26 ന് ഹ്യൂസ്റ്റണിലും മെയ് 3 ന് ചിക്കാഗോയിലും വെച്ച് നടക്കും.


2020 ജൂലൈ 30 മുതല്‍ ആഗസ്റ്റ് 2 വരെ ഒക്കലഹോമ നോര്‍മന്‍ എംബസി സ്യുട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ വെച്ച് നടക്കുന്ന ദേശീയ കോണ്‍ഫ്രന്‍സിന്റെ ചിന്താവിഷയം ‘അതിരുകളില്ലാത്ത ദര്‍ശനം’ എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദര്‍ശനമായിരിക്കും ഉപവിഷയങ്ങള്‍.


കോണ്‍ഫ്രന്‍സിന്റെ നാഷണല്‍ ഭാരവാഹികളായി പാസ്റ്റര്‍ പി.സി.ജേക്കബ് (നാഷണല്‍ ചെയര്‍മാന്‍), ബ്രദര്‍ ജോര്‍ജ് തോമസ് (നാഷണല്‍ സെക്രട്ടറി), ബ്രദര്‍ തോമസ് കെ. വര്‍ഗീസ് (നാഷണല്‍ ട്രഷറാര്‍), സിസ്റ്റര്‍ ഗ്രേസ് സാമുവേല്‍ (ലേഡീസ് കോര്‍ഡിനേറ്റര്‍), ബ്രദര്‍ ജസ്റ്റിന്‍ ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ ചൊവ്വാഴ്ചകളിലും  സെന്‍ട്രല്‍ സമയം 8ന്   605 – 313 – 5111 എന്ന നമ്പരില്‍ പ്രയര്‍ ലൈന്‍ ഉണ്ടായിരിക്കും. 171937 എന്ന ആക്‌സസ് നമ്പറിലൂടെ ഫോണ്‍ ലൈനില്‍ പ്രവേശിക്കാവുന്നതാണ്