ഒരിക്കൽ കണ്ട ആർക്കും മറക്കാനാവാത്ത റാന്നി അച്ചായനെക്കുറിച്ച് സീനിയർ മാധ്യമ പ്രവർത്തകനും ഗുഡ്ന്യൂസ് ചീഫ് എഡിറ്റററുമായ സി.വി.മാത്യു
ചിലർ അങ്ങനെയാണ്. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാൻ കഴിയില്ല. റാന്നി അച്ചായൻ ഇക്കൂട്ടത്തിൽ മുൻ നിരയിലാണ്. വർഷങ്ങൾക്കു മുമ്പ് ഞാൻ അങ്ങോട്ടല്ല അച്ചായൻ ഇങ്ങോട്ടു കയറി പരിചയപ്പെട്ടതാണ് – ആ ബന്ധം നഷ്ടമല്ലായിരുന്നു.
ഞാൻ ഇന്നും ഓർക്കുന്നു; അച്ചായൻ നാട്ടിലായിരുന്നപ്പോൾ വെളുപ്പിനു അഞ്ചു മണിക്ക് ഫോൺ ബെല്ലടിച്ചാൽ ഉറപ്പായിരുന്നു അതു റാന്നിയിൽ നിന്നാണെന്ന്. ഒരിക്കലും വെറുപ്പു തോന്നാത്തതായിരുന്നു പി.സി.യുടെ ഫോൺ കാൾ. തമാശ നിറഞ്ഞതെങ്കിലും കാര്യമാത്രപ്രസക്തമായിരിക്കും മിക്ക വിളികളും . എന്നെ സി വി എന്നു മാത്രമേ വിളിക്കാറുള്ളങ്കിലും പലപ്പോഴും ബഹുമാനപൂർവം നൽകുന്ന വിശേഷണങ്ങൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്.
ഗുഡ്ന്യൂസിനോടു ആത്മാർത്ഥമായ സ്നേഹമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഓഫീസിൽ തന്നിരുന്ന മേൽ വിലാസം : റാന്നി അച്ചായൻ, പത്തനംതിട്ട എന്നായിരുന്നു. പിൻകോഡും. അതിൽ കൂടുതലൊന്നും അഡ്രസിൽ വേണ്ട. റാന്നിക്കാർക്ക് അത്ര സുപരിചിതനായിരുന്നു റാന്നി അച്ചായൻ. ഭാര്യ മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ റാന്നി വീട്ടിലെത്തി. സംസാരത്തിനിടയ്ക്ക് സ്പോർട്സ് പ്രേമിയായ തന്നെ
ക്കുറിച്ചു റാന്നി എഡിഷനിൽ മനോരമ പ്രസിദ്ധീകരിച്ച ഒരു പേജ് സപ്ലിമെന്റ് എന്നെ കാണിച്ചു. വേഷത്തിലും സംസാരത്തിലും പെരുമാറ്റത്തിലും വ്യത്യസ്ഥനായിരുന്നു താൻ. ഒരിക്കൽ കൗബോയി വേഷത്തിൽ തൊപ്പിയും വച്ച് കുമ്പനാട് കൺവൻ ഗ്രൗണ്ടിലൂടെ കൂളായി നടന്ന അദ്ദേഹത്തെ ആരും മറക്കാനിടയില്ല. തന്നെ വാക്കിൽ തോൽപ്പിക്കാൻ എളുപ്പമല്ല, എന്നാൽ സ്നേഹത്തിലുള്ള ഗുണദോഷം ഉപകരിക്കുമായിരുന്നു.
ഒരിടക്ക് ഓഫീസിൽ മിക്കവാറും പി.സി.യുടെ പോസ്റ്റുകാർഡുകൾ വരാറുണ്ടായിരുന്നു. ഒരിക്കൽ രണ്ടു മൂന്നു കാർഡുകൾ ലഭിച്ചു. ഒന്നിൽ തീരാത്തത് അടുത്ത കാർഡിൽ , കാർഡ് മാറിപ്പോയി ആശയം നഷ്ടമാകാതിരിക്കാൻ കൂട്ടിത്തുന്നിയാണ് അയച്ചത്. ഗുഡ് ന്യൂസിലെ അക്ഷര തെറ്റുകളും ആശയ പിശകുകളും താൻ ചൂണ്ടിക്കാണിക്കാറുണ്ട്. വളരെ ഷാർപ്പായിരിക്കും സൂചനകൾ.
സഭയിലെ അനാത്മിയ പ്രവണതകൾ തന്നെ അസ്വസ്ഥനാക്കാറുണ്ട്. പല കാർഡുകളിലും അതായിരിക്കും വിഷയം.
കോട്ടയത്തുള്ള ഫ്ലാറ്റിൽ വരുമ്പോൾ മിക്കവാറും ടൗണിലെ ഗുഡ്ന്യൂസ് ഓഫീസിൽ കയറാറുണ്ടായിരുന്നു.. താഴെയുള്ള കടയുടമയെ മറാട്ടിയിൽ സംസാരിച്ച് കയ്യിലെടുത്ത് കൂടെ കുറച്ചു സുവിശേഷവും പറഞ്ഞിട്ടായിരിക്കും മുകളിലെത്തുക. ആത്മീയവും രാഷ്ട്രീയവും ദേശീയവും അന്തർദേശീയവുമായ വിഷയങ്ങൾ ചടുതലയോടെയായിരിക്കും സംസാരിക്കുക. സമയം കൂടുതലെടുത്തു എന്നു തോന്നിയാൽ സോറി പറഞ്ഞായിരിക്കും സ്ഥലം വിടുക.
കഴിഞ്ഞ പ്രാവശ്യം ഞാൻ ഡാളസിലെത്തിയപ്പോൾ അച്ചായൻ ക്ഷീണിതനാണെന്നറിഞ്ഞു. തന്നെ കാണുവാനുള്ള ആഗ്രഹം അറിഞ്ഞ് എന്നെ വീട്ടിലേക്കു ബദ്ധപ്പെടുത്താതെ ഞായറാഴ്ച സഭാഹാളിലെത്തി ദീർഘനേരം സംസാരിച്ചു. ക്ഷീണിതനെങ്കിലും നർമം വിടാതെയായിരുന്നു സംസാരം മുഴുവൻ. അപ്പോഴും വീട്ടു വിശേഷങ്ങൾ പേരു മറക്കാതെ ചോദിച്ചറിഞ്ഞു.
ഈക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വേർപാടിന്റെ വിവരം അറിഞ്ഞ യുടനെ ഒത്തിരി നല്ല ഓർമകൾ മനസിൽ ഓടിയെത്തി. കഴിഞ്ഞ വർഷം തമ്മിൽ കണ്ടില്ലായിരുന്നെങ്കിൽ അതൊരു തീരാത്ത വേദനയായേനെ.
നാമുമായി ഇടപെടുന്നവരുടെ മനസിൽ ചില നല്ല ഓർമകളെങ്കിലും അവശേഷിപ്പിക്കാൻ കഴിഞ്ഞാൽ അതൊരു ജീവിത വിജയമാണ് – കഴിയട്ടെ നമുക്കതിനു.
പി സി അച്ചായാ നല്ല ഓർമകളുമായി വിട! വീണ്ടും കാണാം ശുഭതുറമുഖത്ത് !.