News

ഗ്രീന്‍ കാര്‍ഡ്, യുഎസ് പൗരത്വം എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കും: കമല ഹാരിസ്: പി.പി. ചെറിയാന്‍


വാഷിംഗ്ടണ്‍ ഡിസി: ബൈഡന്‍ -കമലാ ഹാരിസ് ഭരണച്ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിനു സമൂല പരിവര്‍ത്തനം നടത്തുമെന്നും, അമേരിക്കയില്‍ കുടിയേറി താത്കാലിക സംരക്ഷണയില്‍ കഴിയുന്നവര്‍ക്കും ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവര്‍ക്കും ഉടന്‍ ഗ്രീന്‍കാര്‍ഡ് നല്‍കുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന കമലാ ഹാരിസ് വ്യക്തമാക്കി.

ജനുവരി 12-ന് ചൊവ്വാഴ്ച യുണിവിഷന് നല്‍കിയ അഭിമുഖത്തിലാണ് കമലാ ഹാരീസിന്റെ വാഗ്ദാനം. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്റെ സമയപരിധി കുറയ്ക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ അഞ്ചു വര്‍ഷം മുതല്‍ എട്ടു വര്‍ഷം വരെയാണ് പൗരത്വ അപേക്ഷ പ്രോസസിംഗ് ടൈം.

കോടതികളില്‍ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് ഇമിഗ്രേഷന്‍ കേസുകള്‍ അടിയന്തരമായി പരിഗണിക്കുന്നതിന് കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഡെലവെയറിലെ വില്‍മിംഗ്ടണിലുള്ള ലോക്കല്‍ ഫെയ്ത്ത് ലീഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇല്ലീഗല്‍ ഇമിഗ്രന്റ്‌സിന്റെ സംരക്ഷണത്തിനുവേണ്ടി വാദിക്കുന്ന ഒരുസംഘം നേതാക്കള്‍ ബൈഡനെ കാണുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് ഹാരിസിന്റെ ഈ പ്രസ്താവന.

അനധികൃത കുടിയേറ്റക്കാരുടെ ഡീപോര്‍ട്ടേഷന് താത്കാലിക മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സംഘം ആവശ്യപ്പെടും. ട്രംപിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ പൂര്‍ണമായും തിരുത്തി എഴുതുമെന്നു മാത്രമല്ല, സുതാര്യമായ ഇമിഗ്രേഷന്‍ നയങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ബൈഡന്‍ ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്.