News

ചൈനയിൽ ആരാധന നടത്തിയ ക്രൈസ്തവ വിശ്വാസികളെ അറസ്റ്റ് ചെയ്തു

ചൈന: ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രോവിൻസ് ആയ സിച്ചു വാനിൽ ഒരു ഭവനത്തിൽ ആരാധന നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ചൈനയിലെ ഭവന സഭകളിൽ ഒന്നാണിത്. പത്തു കുട്ടികളെയും 18 മുതിർന്നവരെയും ആണ് അധികാരികൾ അറസ്റ്റ് ചെയ്തത്. കുട്ടികളിൽ ഒരു വയസ്സിൽ താഴെ പ്രായമുള്ള ശിശുവും ഉൾപ്പെടുന്നു.

ഹിഷാൻ എന്ന സഭാംഗത്തിൻ്റെ വീട്ടിൽ ആയിരുന്നു ആരാധന. ഏർലി റെയിൻ കവനൻ്റ് സഭ( ഇ . ആർ. സി. സി. )യുടെ ആരാധനയിൽ ആണ് രഹസ്യവിവരത്തെത്തുടർന്ന് ചെൻ ഗുഹ ഡിസ്ട്രിക്ടിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയത്. അനധികൃത സംഘംചേരലിൻ്റെ രഹസ്യവിവരം കിട്ടിയതായി പോലീസ് അവകാശപ്പെട്ടു.

ഉദ്യോഗസ്ഥർ വരുമ്പോൾ പ്രസംഗിച്ചു കൊണ്ടിരുന്ന ദയി എന്ന സുവിശേഷകനോട് അവർ രേഖകൾ ആവശ്യപ്പെട്ടു. അതിക്രമിച്ച് കയറി ആരാധന തടസ്സപ്പെടുത്തിയത് മൂലം ദയിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ ഭയപ്പെടുത്തുകയും തലയ്ക്ക് അടിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

എല്ലാവരെയും പോലീസ് പിന്നീട് വിട്ടയച്ചു എങ്കിലും ദയിയെയും സഹോദരനെയും 14 ദിവസം കസ്റ്റഡിയിൽ വാങ്ങി. അവർക്ക് 154 ഡോളറിന് തുല്യമായ പിഴയും ചുമത്തിയിട്ടുണ്ട്.

60 രാജ്യങ്ങളിൽ ക്രിസ്തീയസഭാ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കയിലെ ഓപ്പൺ ഡോർ എന്ന സംഘടനയുടെ കണക്കനുസരിച്ച് 97 ദശലക്ഷം ക്രിസ്തു വിശ്വാസികൾ ചൈനയിൽ ഉണ്ട്. ഭൂരിഭാഗം ആളുകളും ചൈനയുടെ ഭാഷയിൽ ‘നിയമവിരുദ്ധ’മായ സഭകളിൽ ആണുള്ളത്. 2018 ഇ .ആർ .സി.സി. യുടെ പാസ്റ്റേഴ്സിനെ അറസ്റ്റ് ചെയ്യുകയും സഭകൾ അടച്ചുപൂട്ടുകയും ചെയ്തതിനുശേഷം നേതാവായ പാസ്റ്റർ വാങ് യി ക്ക് സഭാ കൂടി വരവുകൾ നടത്തുവാൻ സാധിച്ചിട്ടില്ല. പാസ്റ്റർ വാങ് യിയെ 9 വർഷത്തേക്ക് ശിക്ഷ വിധിച്ച് ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ചൈനയിലെ ക്രൈസ്തവ സഭാ പ്രവർത്തനം സർക്കാർ നിരന്തരം വീക്ഷിക്കുന്നുണ്ട്. അടുത്തിടെ മൊബൈൽ ബൈബിൾ ആപ്പുകൾ നിരോധിക്കുകയും ചെയ്തിരുന്നു .