News

തൂവെള്ള പട്ടുവിരിച്ച് ഡാലസ്; റെക്കോര്‍ഡ് അതിശൈത്യം – പി പി ചെറിയാന്‍

ഡാലസ്: ഞായറാഴ്ച രാവിലെ 5 മണിയോടെ ആരംഭിച്ച മഞ്ഞുവീഴ്ച ഉച്ചയോടെ ശക്തിപ്പെട്ടതോടെ ഡാലസ് – ഫോര്‍ട്ട്‌വര്‍ത്ത് റോഡുകളും പരിസരങ്ങളും തൂവെള്ള പട്ടുവിരിച്ച പ്രതീതി ജനിപ്പിച്ചു. നാമമാത്രമായി തുറന്നു പ്രവര്‍ത്തിച്ചിരുന്ന ദേവാലയങ്ങള്‍ മുഴുവനും ഈ പ്രദേശത്ത് അടച്ചിട്ടു. രാവിലെ റോഡുകളെല്ലാം വിജനമായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ ഭൂരിഭാഗവും അടച്ചിട്ടു. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല.

ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് വിമാനത്താവളത്തിലെ നൂറുകണക്കിനു വിമാനങ്ങള്‍ റദ്ദ് ചെയ്തു. വൈകിട്ടും മഞ്ഞുവീഴ്ച തുടര്‍ന്നതിനിടെ ഡാലസില്‍ വളരെ ചുരുക്കമായി ലഭിച്ചിരുന്ന മഞ്ഞുവീഴ്ച കുട്ടികള്‍ മാതാപിതാക്കളോടൊപ്പം ആഘോഷിച്ചു. സ്‌നോമാന്‍ ഉണ്ടാകുന്നതിനും മഞ്ഞില്‍ ഓടിക്കളിക്കുന്നതിനും കുട്ടികള്‍ മാതാപിതാക്കളോടൊപ്പം പുറത്തിറങ്ങിയത് അപൂര്‍വ്വ കാഴ്ചയായിരുന്നു.

വൈകുന്നേരം ഏകദേശം നാലിഞ്ചു കനത്തില്‍ മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ പെട്ടെന്ന് താപനില കുത്തനെ താഴേക്കു പതിച്ചു. ഞായറാഴ്ച രാത്രിയിലും മഞ്ഞുവീഴ്ച തുടരുമെന്നും, രാവിലെ ഏകദേശം 6 ഇഞ്ചു കനത്തില്‍ മഞ്ഞു കൂടികിടക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ജോലിക്കു പോകേണ്ട പലരും അവധിക്ക് അപേക്ഷിച്ചു. ജീവനക്കാരെ കൊണ്ടു വരുന്നതിന് പല ആശുപത്രികളും വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ മഞ്ഞുവീഴ്ച കുറയുമെന്നും, എന്നാല്‍ റോഡില്‍ നിന്നും മഞ്ഞു നീങ്ങി പോകുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.