ടെക്‌സസ്: അക്രമ പ്രവര്‍ത്തനങ്ങളിലോ, കലാപത്തിലോ, ഞങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും, നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം ആദ്യമായി ടെക്‌സസ് സന്ദര്‍ശനത്തിനെത്തിയ ട്രംപ് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സൗത്ത് ടെക്‌സസ് – മെക്‌സിക്കൊ അതിര്‍ത്തിയില്‍ പണിതുയര്‍ത്തിയ മതിലിന്റെ പുരോഗതി കാണാനെത്തിയതാണ് ട്രംപ്. അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയ മില്യന്‍ കണക്കിന് പേര്‍ അമേരിക്കന്‍ പൗരന്മാരുടെ ജീവന് ഭീഷിണിയുയര്‍ത്തുന്നത് തടയുക എന്ന സുപ്രധാന തീരുമാനം നടപ്പാക്കുവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷം ഇമിഗ്രേഷന്‍ പോളസി കര്‍ശനമാക്കിയതിനെ മാറ്റി മറിക്കുവാന്‍ ബൈഡന്‍ ശ്രമിച്ചാല്‍ അപകടത്തിലാകുന്നത് രാജ്യത്തിന്റെ സുരക്ഷയായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഭരണം അവസാനിക്കുന്നതിന് ഏതാനും ദിവസം ബാക്കി നില്‍ക്കെ ജനുവരി 6 നുണ്ടായ സംഭവങ്ങളുടെ പേരില്‍ തന്നെ കുറ്റപ്പെടുത്തുന്നതിനും, ഭരണത്തില്‍ നിന്നും പുറത്താക്കുന്നതിനും ഡമോക്രാറ്റുകള്‍ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ തട്ടിയെടുക്കുന്നതിന് അനധികൃത കുടിയേറ്റക്കാര്‍ ശ്രമിക്കുന്നത് തടയുക മൂലം അമേരിക്കന്‍ നികുതിദായകരുടെ ബില്യന്‍ കണക്കിനു ഡോളര്‍ മിച്ചം വയ്ക്കാന്‍ കഴിഞ്ഞതായും ട്രംപ് പറഞ്ഞു.