News

മലയോര നാടിന്‍റെ ചിരകാല സ്വപ്നം: കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം സെപ്റ്റംബര്‍ 14 ന്

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കും.

ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍  അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, എം.പി.മാർ, എം.എല്‍.എ.മാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. ഒ.പി. വിഭാഗം പ്രവര്‍ത്തനവും ഇതോടൊപ്പം ആരംഭിക്കും

രാജ്യത്തെ 543–ാമത്തെയും സംസ്ഥാനത്തെ 33–ാമത്തെയും മെഡിക്കൽ കോളജാണ്. പത്തനംതിട്ട ജില്ലയിൽ നാലാമത്തെയും സർക്കാർ തലത്തിൽ ആദ്യത്തേതുമാകും.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും ഉദ്ഘാടനം നടത്തുക. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം അൻപതിൽ താഴെയായിരിക്കും. പ്രത്യേക ക്ഷണിതാക്കളും, മാധ്യമ പ്രവർത്തകരും മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. പൊതുജനങ്ങൾക്ക് ഉദ്ഘാടന ചടങ്ങിൽ പ്രവേശനം അനുവദിക്കില്ല. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും അതിനു മുന്നോടിയായി കോവിഡ് ആൻ്റിജൻ ടെസ്റ്റിനു വിധേയമാക്കും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴിയും, പ്രാദേശിക ചാനൽ വഴിയും ഉദ്ഘാടനം ലൈവായി കാണുന്നതിന് അവസരമൊരുക്കുന്നു.