News

സമൂഹത്തിലെ വികലമായ പഠിപ്പിക്കലുകൾ തിരിച്ചറിയണം: പാസ്റ്റർ പി.ടി. തോമസ്

ഡാളസ്: നമ്മുടെ യുവതലമുറയെ ദൈവീക വചനസത്യങ്ങളുടെ ആഴമേറിയ തലങ്ങളിലേക്ക് നയിക്കുവാൻ നമ്മുടെ എഴുത്തുകൾക്ക് സാധ്യമാകണമെന്ന് പാസ്റ്റർ പി.ടി. തോമസ് ഉദ്‌ബോധിപ്പിച്ചു. മൗണ്ട് സീനായി ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ വച്ച് കേരള പെന്തെക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ഡാളസ് ചാപ്റ്റർ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ പരന്നു കൊണ്ടിരിക്കുന്ന വികലമായ പഠിപ്പിക്കലുകൾ തിരിച്ചറിയുവാൻ ദൈവിക ത്രിത്വം, അടിസ്ഥാന വേദോപദേശങ്ങൾ എന്നിവയിൽ ദൈവജനങ്ങൾക്ക് ഗ്രാഹ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സെമിനാറിൽ ചാപ്റ്റർ പ്രസിഡന്റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.പി. മാത്യുവിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഷാജി വിളയിൽ, ഷാരോൺ മാത്യു, പ്രിൻസി മാത്യു എന്നിവരുടെ സംഘം ഗാനശുശ്രൂഷ നിർവ്വഹിച്ചു. സെക്രട്ടറി എസ്.പി. ജെയിംസ് സ്വാഗതവും, ട്രഷറാർ രാജു തരകൻ നന്ദിയും രേഖപ്പെടുത്തി. ഡാളസിലെ ക്രൈസ്തവ സാഹിത്യ പ്രേമികളും, എഴുത്തുകാരും സമ്മേളനത്തിൽ പങ്കെടുത്തു. പാസ്റ്റർ ഡാനിയേൽ ശാമുവേൽ (വീയപുരം ജോർജ്കുട്ടി) സമാപന പ്രാർത്ഥനയും, ആശിർവാദവും നിർവ്വഹിച്ചു.