News

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

കരിയംപ്ലാവ്: 2020 ജനുവരി 6-12 വരെ നടക്കുന്ന ഡബ്ലുഎംഇ സഭകളുടെ 71-ാമത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. നവംബര്‍ 5, 6 തീയതികളില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ.എം. രാജുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ പ്രസ്ബിറ്ററിയും ജനറല്‍ കൗണ്‍സിലും ഒരുക്കങ്ങള്‍ വിലയിരുത്തി. കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പുകള്‍ക്കായി ഈ വര്‍ഷം വിപുലമായ ക്രമീകരണങ്ങളാണു ചെയ്യുന്നത്. പതിനായിരം പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തല്‍, അഞ്ഞൂറു പേര്‍ക്ക് ഒരേസമയം ഇരുന്നു ഭക്ഷിക്കാവുന്ന ഭക്ഷണശാല, വലുതും ചെറുതുമായ വാഹനങ്ങള്‍ക്കു പ്രത്യേകം പാര്‍ക്കിംഗ് എന്നിവയാണ് ക്രമീകരിക്കുന്നത്. സംബന്ധിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം നല്‍കുന്നതിനായി പാസ്റ്റര്‍ എം.എം. മത്തായി കണ്‍വീനറായുള്ള ഫുഡ് കമ്മറ്റിയെ ചുമതലപ്പെടുത്തി. പവ്വര്‍വിഷന്‍ റ്റി.വി. ചാനലും വിവിധ ക്രിസ്തീയ ചാനലുകളും കണ്‍വന്‍ഷന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളും ഇന്‍ഡ്യയ്ക്കു പുറമെ അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികളും പങ്കെടുക്കും. വിവിധ പെന്തെക്കോസ്ത് നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.


റവ. ഡോ. ഒ.എം. രാജുക്കുട്ടി ചെയര്‍മാനും പാസ്റ്റര്‍ കെ.എം. പൗലോസ് ജനറല്‍ കണ്‍വീനറുമായി 101 പേരടങ്ങുന്ന കമ്മറ്റി പ്രവര്‍ത്തനമാരംഭിച്ചു. പൊതുയോഗങ്ങള്‍, പവ്വര്‍ കോണ്‍ഫറന്‍സുകള്‍, ബൈബിള്‍ സ്റ്റഡി, പ്രതിനിധി സമ്മേളനം, സഹോദരീ സമ്മേളനം, സണ്ടേസ്‌ക്കൂള്‍-യുവജന സമ്മേളനങ്ങള്‍, മിഷ്യനറി സമ്മേളനം, പെന്തെക്കോസ്ത് ഐക്യ സമ്മേളനം, സ്‌നാന ശുശ്രൂഷ, സംയുക്ത ആരാധന, കര്‍ത്തൃമേശ എന്നിവ ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളില്‍ ണ.ങ.ഋ. സ്റ്റേറ്റ്-റീജിയന്‍ ഡയറക്ടറന്മാരായ പാസ്റ്റേഴ്‌സ് രജത്കുമാര്‍ ബീരോ, റവ. ജോഷ്വാ ഗുഡിവാഡാ, ജി. ഗബ്രിയേല്‍, എം.എം. മത്തായി എന്നിവര്‍ നേതൃത്വം നല്‍കും.