News

അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി യുഎസ്:പി പി ചെറിയാൻ

വാഷിങ്ടൻ ഡി സി : അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള പരീക്ഷ ലളിതമാക്കി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. ട്രംപ് ഭരണകൂടം പരിഷ്ക്കരിച്ച പൗരത്വ പരീക്ഷ സംബന്ധിച്ച് വിവിധ സംഘടനകളിൽ നിന്നും ഉയർന്ന പരാതിയും പരീക്ഷാർഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണു പഴയ രീതിയിലേക്ക് പരീക്ഷ മാറ്റിയത്. മാർച്ച് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക.

2020–ൽ ട്രംപ് പരിഷ്ക്കരിച്ച പൗരത്വ പരീക്ഷയ്ക്ക് 128 ചോദ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന 20 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. എന്നാൽ പഴയ പരീക്ഷ സംമ്പ്രദായമനുസരിച്ച് (2008 ൽ) നൂറു ചോദ്യങ്ങളിൽ നിന്നും 10 ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. പരീക്ഷയിൽ 60 ശതമാനം മാർക്ക് ലഭിക്കേണ്ടതുണ്ട്.
മാർച്ച് 1 മുതൽ പുതിയ നിയമം നിലവിൽ വരുന്നതിനാൽ പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക് 2020 ലെയോ, 2008 ലെയോ പരീക്ഷ രീതി തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ലഭിക്കും. ഡിസംബർ 1 (2020) മുതൽ മാർച്ച് 1 (2021) വരെ അപേക്ഷിക്കുന്നവർക്കാണ് ഇതു ബാധകം.
പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സിറ്റിസൺ ഷിപ്പ് റിസോഴ്സ് സെന്റർ (USCIS WEBSITE) ൽ നിന്നും ലഭിക്കും. നിലവിലെ പരീക്ഷ രീതി പ്രയാസമാണെന്നതിനാൽ അർഹമായ പലർക്കും പൗരത്വം നിഷേധിക്കപ്പെടുന്നുവെന്ന് പരാതി‌ ഉയർന്നിരുന്നു. കൂടുതൽ പേർക്ക് അമേരിക്കൻ പൗരത്വം നൽകുക എന്ന ബൈഡൻ ഭരണകൂടത്തിന്റെ നയമാണ് പൗരത്വ പരീക്ഷ കൂടുതൽ ലളിതമായ രീതിയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന് പ്രേരിപ്പിച്ചത്.